പാത്തുമ്മായുടെ ആട്-ഒരു രസികൻ ബഷീറിയൻ ക്ലാസ്സിക്ക്


എഴുതിയത്: ആദിത്യാ വർമ്മ

തീയതി: മേയ് 15, 2020


Pathummayude Aadu-Book Cover

പേര്:

പാത്തുമ്മായുടെ ആട്

എഴുത്തുകാരൻ:

വൈക്കം മുഹമ്മദ് ബഷീർ

പ്രസിദ്ധീകരണ തിയതി::

1959

ഐ.എസ്.ബി.എൻ::

978-81-713-0209-3

താളുകളുടെ എണ്ണം:

122

വില:

₹110

റേറ്റിംഗ്:

9.3

'പാത്തുമ്മായുടെ ആട്' 1959'ൽ വൈക്കം മുഹമ്മദ് ബഷീർ എഴുതിയ ഒരു ഹാസ്യനോവലാണ്. ഒരു കുടുംബത്തിലെ തുടരുന്ന കലാപങ്ങളെ ആവിഷ്കരിക്കുന്നതാണ് കഥയുടെ സംഗ്രഹം. ഈ കഥയിലൂടെ ബഷീർ ഒരു സാധാരണ കുടുംബത്തെ അപ്പടി ആവിഷ്കരിക്കുന്നു. എന്നാലും ഈ കഥയിലെ മുഖ്യകഥാപാത്രം പാത്തുമ്മായുടെ ആടുതന്നെയാണ് . ആടിനെച്ചൊലിയുള്ള തർക്കങ്ങൾ തുടങ്ങി അത് നൽകുന്ന പാലിനെ ആസ്പദമാക്കിയുള്ള കലാപങ്ങൾ കൂടി കണ്ടുകഴിയുമ്പോളാണ് കഥ അവസാനിക്കുന്നത്.

ഒരു കൂട്ടുകുടംബത്തിൽ നിലനിൽക്കുന്ന ദൈനംദിനസന്ദർഭങ്ങളുടെ ആവിഷ്കരണമാണ് 'പാത്തുമ്മായുടെ ആട്' എന്നു പറന്നുവല്ലോ. പതിനെട്ടു അംഗങ്ങൾ താമസിക്കുന്ന ആ ഇരുമുറിവീട്ടിൽ നടക്കുന്ന സാഹചര്യങ്ങളെ ഫലിതരൂപേണ കഥാകൃത്ത് അവതരിപ്പിക്കുന്നത് ഒരു മനുഷ്യന്റെ ചിന്താഗതിയോളം ലളിതമായ തന്റെ ഭാഷയിലൂടെയാണ്. ഇത്തരമൊരു പശ്ചാത്തലത്തിൽ എല്ലാവർക്കും അവരവരുടെ നന്മതിന്മകൾ ബഷീർ നൽകിയിരിക്കുന്നത് വളരെ ശ്രദ്ധേയമായ ഒരു കാര്യമാണ്. ജീവിതയാഥാർഥ്യങ്ങളെ തികച്ചും സംസാരബന്ധനമാക്കിത്തീർത്തിരിക്കുന്നുയിവിടെ.

ബഷീറിന്റെ ഉമ്മ വീടിനു വേണ്ടി കഷ്ടപ്പെട്ടു പണി ചെയ്യുന്നത് കാണുമ്പോൾ അതിനൊപ്പം അവർ തന്റെ മകനെ പണോപാധിയായി കാണുന്നതും വ്യക്‌തമാണ്‌. അബ്ദുൽഖാദർ ഉമ്മയിൽ നിന്നും പണം പിടിച്ചുപറിക്കുമ്പോളും ജ്യേഷ്ഠന്റെ ആഖ്യാനത്തിൽ ശ്രദ്ധാകുലനാകുന്നത് കാണുന്നു. ആത്മകഥാപാത്രത്തെ പോലും നന്മയുടെ മൂർത്തിയാക്കുവാൻ ബഷീർ ശ്രമിക്കുന്നില്ല. പണം സ്വകുടുംബത്തിനു സദാസമയം ചെലവഴിക്കുമ്പോളും സ്വന്തം ഉമ്മയുടെ മുന്നിൽ വെച്ചു അയാൾ ഒരു ഗ്ലാസ് എറിഞ്ഞു പൊട്ടിക്കുന്നു. മനുഷ്യന്റെ വികാരത്തിനാണിവിടെ പ്രാധാന്യം, ഒരു നന്മയെയോ തിന്മയെയോ സൃഷ്‌ടിക്കുകയല്ല.

ഇതിനൊപ്പം ബഷീറിന്റെ ശുഭാപ്തിവിശ്വാസം വീക്ഷിക്കുക. തന്റെ രചനാശൈലിയുപയോഗിച്ചു ഏറ്റവും കഷ്ടസ്ഥിതികളെപ്പോലും നൈർമലൃസ്ഥിതികളിലേക്കു അദ്ദേഹം മാറ്റുന്നു. 18 അംഗങ്ങൾ, അതായത് 4-5 കുടുംബങ്ങൾ വെറും രണ്ടു മുറികൾ ഉള്ള ആ വീട്ടിൽ താമസിക്കുന്നത് സങ്കൽപിക്കുക. താൻ ശരിക്കും അത്രയൊന്നും വരുമാനം സൃഷ്ടിക്കുന്നില്ലെങ്കിലും തന്നെ മറ്റു കുടുംബാംഗങ്ങൾ കോടീശ്വരനായി കണ്ടു ചോർത്തുന്നു. പാത്തുമ്മായുടെ വീട്, അബ്ദുൾഖാദറുടെ ദൈനൃത, ബഷീർ തന്റെ മുഖവുരയിൽ പറന്നതുപോലെ തന്റെ ദൈനൃതകൾ; എന്നിങ്ങനെയുള്ള പല വിഷാദങ്ങളേയും കാര്യമായി അവലോകനം ചെയ്യാത്തതു ആലോചിച്ചാൽ മനസിലാവും. വായനക്കാരെ കരയിപ്പിക്കുകയല്ല, ചിരിപ്പിക്കുകയാണ് ഈ കഥയിലൂടെ താൻ ഉദ്ദേശിക്കുന്നത് എന്ന വ്യക്‌തമായ ബോധമാണിവിടെ കാണുന്നത്. കണ്ണുനീരുകൾ മറച്ചുവെച്ചു മന്ദഹസിക്കുന്നത് പോലെ.


എനിക്കിഷ്ടപ്പെട്ട കാര്യങ്ങൾ:


  1. ക്ലേശസഹചര്യങ്ങളിൽ പോലും ഹാസ്യം രൂപപ്പെടുത്തുന്നു കഥാകൃത്ത് ഇവിടെ.
  2. ഒരു സാധാരണക്കാരന്റെ മനസിന്റെ പ്രതിരൂപമാണ് ബഷീറിന്റെ എഴുത്തുശൈലി തുറന്നുകാട്ടുന്നത്. ആ ശൈലി ചിരി വികാരത്തെ ഉണർത്തുന്നുവെന്നത് മഹനീയമായയൊരു കാര്യമാണ്.

'പാത്തുമ്മായുടെ ആട്' എന്ന ഹാസ്യകൃതിയിലൂടെ കഥാകൃത്ത് ചിരിയുടെ മാറ്റൊലി തന്റെ ലളിതഭാഷാശൈലിയിലൂടെ വായനക്കാർക്കു പ്രധാനം ചെയ്യുന്നതിനൊപ്പം അന്നത്തെ തന്റെ സാമൂഹിക സാഹചര്യങ്ങളെ അവരിലൂടെ ഗ്രസിക്കുവാനും അനുവദിക്കുന്നു, തന്റെ ഹാസ്യഭാവം ഒട്ടും ചോർന്നുപോകാതെ. ഇതൊരു ബഷീറിയൻ ക്ലാസ്സിക്ക് തന്നെയാണ്.