മയ്യഴിപ്പുഴയുടെ തീരങ്ങളിൽ-സ്വാതന്തര്യസമരത്തിന്റെ ദുഃഖചരിത്രം!


എഴുതിയത്: ആദിത്യാ വർമ്മ

തീയതി: ആഗസ്റ്റ് 27, 2019


mayyazhipuzhayude-teerangalil-cover picture

പേര്:

മയ്യഴിപ്പുഴയുടെ തീരങ്ങളിൽ

എഴുത്തുകാരൻ:

എം.മുകുന്ദൻ

പ്രസിദ്ധീകരണ തിയതി:

1974

ഐ.എസ്.ബി.എൻ:

978-8-171-30231-4

താളുകളുടെ എണ്ണം:

304

വില:

₹295

റേറ്റിംഗ്:

8/10


'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' എം.മുകുന്ദൻ 1974'ൽ എഴുതിയ നോവലാണ്. പരന്ത്രീസ് അധിനതയിൽ നിന്നും ദാസൻ എന്ന യുവാവും കൂട്ടരും എങ്ങനെ മയ്യഴി എന്ന പ്രദേശം രക്ഷിക്കുന്നത് എന്നത് മാത്രമാണ് ഈ നോവലിന്റെ ചെറുവിവരണമെങ്കിൽ ആ വിവരം ഒരപവാദമാണ്. ഈ നോവൽ രാഷ്ട്രീയ-സാമൂഹിക-മനോഭാവങ്ങൾ മൂന്നു തലമുറകളിലൂടെ കാണിക്കുന്ന ഒരു കഥയും കൂടിയാണ്.

നോവൽ വിഷാദം എന്ന ഭാവത്തെ കഥ തീരും വരെയും കൊണ്ടുനടക്കുന്നുവെന്നതിൽ സംശയമില്ല. നോവൽ തുടങ്ങി 30-40 പേജ് കടക്കുമ്പോയേക്കും 4-5 മരണങ്ങൾക്കു വായകൻ സാക്ഷ്യം വഹിക്കുന്നതു അതിന്റെ പ്രതീകമാണ്. എന്നാൽ മരണമല്ല ഈ വിഷാദത്തിന്നു കാരണം. എല്ലാത്തിനും ഒരു ബന്ധമുണ്ട്: മയ്യഴി. ഈ വായനയാത്രയിലൂടെ എല്ലാ കഥാപാത്രങ്ങളും സുപരിചിതരാകുന്നു. കുറുമ്പിയമ്മയും(ദാസന്റെ അച്ഛമ്മ) കുഞ്ചകനും(വിലക്ക് കൊളുതുണയാൾ) തമ്മിൽ എത്രെ ബന്ധമുണ്ടോ, അത്രേ തന്നെ നമ്മുക്ക് ഓരോ കഥാപാത്രത്തോടുമുണ്ട്, ചിലപ്പോൾ അതിലേറെ. അപ്പോൾ ആ മരണങ്ങൾ പ്രധാനമാകുന്നു, ദുഃഖമേറിയതാകുന്നു. കഥാപാത്രങ്ങൾ ഉള്ളിൽ ചെല്ലും വിധമുള്ള കഥാരചനയാണിതു.

നോവൽ ഞാന്‍ 6½ ദിവസം കൊണ്ട് വായിച്ചുതീർത്തു. അവസാനത്തെ പേജ് തീർത്തപ്പോൾ നോവൽ എന്റെ കയ്യിൽ പിടിവിടാതെ സ്തംഭിച്ചു നിന്നു. 20 നിമിഷങ്ങൾക്കു ശേഷമാണു ഗാത്രസംയമനം ലഭിച്ചത്. വേറെ 20 മിനിറ്റിനു ശേഷം പൂർണ്ണ ചിന്താവസ്ഥയും. ഇന്ദ്രിയങ്ങൾ വിശ്രമത്തിനു പോയത് പോലെയുണ്ടായിരുന്നു. വിഷാദമാണോ അല്ലെങ്കിൽ കഥാസംഭവങ്ങൾ വായിച്ചുള്ള മതെന്താണോവെന്നറിയില്ല. കഥയിൽ വായനക്കാരനുള്ള പ്രതിപത്തി എന്നല്ലാതെ എന്തു പറയാൻ.

എന്നാൽ ഈ കഥയ്ക്കും ചില പിശകുകൾ വന്നോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. അതിൽ ഏതവും വിലയേറിയതാവാം ഈ നോവലിന്റെ നാമവ്യവസ്ഥ. കുറെ നല്ല പേരുകളുണ്ട്, ദാസൻ, ദാമു, ഉത്തമൻ, അങ്ങനെ, അനുയോജ്യമായവ. എന്നാൽ വളരെ അധികം പുനരാവൃത്തി പേരുകളിൽ കാണുവാൻ സാധിക്കും: തെങ്ങുകയറുന്ന കേളുവച്ചനും വണ്ടിക്കാരൻ കേളുവും കേളുമാസ്റ്ററും തമ്മിലുള്ള സാമ്യം, സ്വാതന്ത്രസമരസേനാനിയായ കണാരനും ബാന്റുകാരൻ കണാരിയും തമ്മിലുള്ള സാമ്യം, വാസൂട്ടിയുടെ പെങ്ങൾ സൗമിനിയും സെക്രത്തേരിന്റെ ഭാര്യ സൗമിനിയമ്മയും തമ്മിലുള്ള സാമ്യം, മലയൻ ഉത്തമനും ചന്ദ്രികയെ അവസാനം തെരയുന്ന ഉത്തമനും തമ്മിലുള്ള സാമ്യം, അങ്ങനെ അനവധി സാമ്യങ്ങൾ. ഇതിനൊരു കാരണം തരാത്ത സ്ഥിതിക്കു ഇതിനെ ഒന്നെങ്കിൽ ആശയമില്ലായ്മ ആയി കാണാം, അല്ലെങ്കിൽ അതിനെ യാദൃച്ഛികമായി കാണാം, കുറെ കഥാപാത്രങ്ങൾ ഇല്ലേ കഥയിൽ?

പല കാര്യങ്ങൾ വിശദികരിച്ചുവോ എന്ന് എന്നിക്കു സംശയമുണ്ട്. അച്ചു എങ്ങനെ നന്നായിവെന്നു നമ്മൾക്കറിയില്ല. അയാളുടെ സംസാരശൈലി എങ്ങനെ മാറിയെന്നു അറിയില്ല. ഒരു പെൺകുട്ടിയെ കല്യാണം കഴിക്കണമെങ്കിൽ പഴയ അച്ചു എന്തിനു അത് തന്റെ രിതിയിൽ ചെയ്‌തില്ല? ഇത് മാറ്റിവെയ്ക്കുകയാണെങ്കിൽ വേറൊരു ചോദ്യമുണ്ട്, ദാസൻ എങ്ങനെ സ്വാതന്ത്രസമരാശയങ്ങളിലേക്കു തിരിഞ്ഞു? സ്കൂളിൽ പോയിരുന്ന കാലത്തു സ്വന്തം കുടുംബത്തെ കരംകയത്തിക്കാൻ ആഗ്രഹിച്ച ബാലനു എപ്പോഴാണ് ജീവിതോദ്ദേശ്യം മാറിയത്? ഇനിയുള്ളത് കണാരന്റെ കാര്യമാണ്. മയ്യഴിക്കു സ്വാതന്തര്യം ലഭിച്ചതിൽ പിന്നെ നമ്മൾ കണാരനെ ഒരികിൽ കൂടിയെ കാണുന്നുള്ളൂ, ദാസനെ മൂപ്പൻസായ്‌വിന്റെ ബംഗ്ലാവിൽ വെച്ച് കാണുമ്പോൾ. എന്നാൽ ദാസൻ അപ്പോളും പഴയ കണാരേട്ടൻ എന്ന് വിശേഷിപ്പിക്കുന്ന ആൾ പിന്നെ ജോലി നോക്കാതെ പെണ്ണും പോയി ജീവിതത്തിൽ ഒറ്റപ്പെട്ടിരിക്കുന്ന ദാസന്റെ കൂടെനടക്കുന്നത് നാം കാണുന്നില്ല. മയ്യഴിയെ ഭരിക്കുന്ന നേതാവാണെങ്കിൽ പോലും, ദാസനു അയാൾ ചോദിച്ച അധ്യാപക ജോലി തരപ്പെടുത്താമെന്നു പറന്നിട്ടുണ്ടെങ്കിലും, പണ്ട് സഹനേതാവിൽ ഇത്ര ഉത്കണ്ഠ കാണിച്ച അയാളിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കുന്നു. ആ ഉദ്യോഗത്തിനു എന്ത് പറ്റിയെന്നു നിശ്ചയമില്ല. ദാസന് ജീവിതം മടുത്തു ഉപേക്ഷിച്ചതാവാം. അവസാനമായി എന്തുകൊണ്ടാണ് ദാസന്റെ അച്ഛമ്മയും അനിയത്തിയും അയാളോട് പിന്നീടൊന്നും അധികം സംവാദിക്കാത്തതെന്നും അറിയില്ല. ഇങ്ങനെ ചോദ്യങ്ങൾ ബാക്കി.


എനിക്ക് ഇഷ്ടപ്പെട്ടതു:


  1. പരന്ത്രീസുകാര്‍ക്കു എതിരെയുള്ള മയ്യഴിയുടെ സ്വാതന്തര്യസമരം വളരെ ചിതാകർഷമായിട്ടാണ് ആവിഷ്കരിച്ചിരിക്കുന്നത്.
  2. എല്ലാ കഥാപാത്രങ്ങളും ഒരു ഗ്രാമത്തിലെ അംഗങ്ങൾ പോലെ തന്നെ സുപരിചിതരാകുന്നു, മയ്യഴിയിൽ നാമും ജീവിക്കുന്ന തരം അനുഭൂതി.
  3. നോവലിലെ ഭാഷ അതിമനോഹരമാണ്. മയ്യഴിയിലെ തരം പ്രാദേശികഭാഷ ഹൃദയത്തിൽ സാമ്യതയുടെ നിറവും ധാരണയുടെ അതിപ്രസരിപ്പും വിതയ്ക്കുന്നു.
  4. വിഷാദത്തെ പശ്ചാത്തലമാക്കി സ്വാതന്ത്യസമരം കഴിഞ്ഞ് മയ്യഴി സ്വതന്ത്യമാകുമ്പോൾ പോലും ആ ക്ലേശത്തെ അവസാന വാക്കുകൾ വരെ ലേഖകൻ കൊണ്ടുപോകുന്നു.

എനിക്ക് ഇഷ്ടപ്പെടാത്തതു:


  1. പേരുകളിൽ കുറെ സാമ്യങ്ങൾ കാണുവാൻ സാധിക്കും.
  2. പല ചോദ്യങ്ങൾ അവസാനത്തിൽ ഇല്ലെങ്കിൽ പോലും അവശേഷിക്കുന്നു, എന്റെ മനസ്സിലെങ്കിലും.

വിഷാദഭാവത്തെ തന്റെ കരങ്ങളിലേണ്ടി മുകുന്ദൻ സാർ നമ്മളെ മയ്യഴിപ്പുഴ കടത്തുകയാണ്. മയ്യഴിയെന്ന സ്ഥലത്തിന്റെ ഭംഗിയും കാലക്രമങ്ങളും സംഭവവികാസങ്ങളും കാണിച്ചുകൊണ്ടുതന്നെ ആ വിഷാദത്തിന്റെ തോണി മുന്നോട്ടു നീങ്ങുന്നു. അതിനു ഒരു അനുമോദനയ്ക്കു അർഹതയുണ്ട്. മയ്യഴി സ്വദേശിയായ എം.മുകുന്ദൻ എന്ന എഴുത്തുകാരന്റെ ഒരു മികച്ച കൃതി തന്നെയായിരിക്കും ഇത് എന്ന് പറയുന്നതിൽ ഒരു തെറ്റുമില്ല.